info@ahmaindia.org
+91 9846032930

Book Online Consultation

AHMA
News & Media

27-28/1/2024

27-28/1/2024

27-28/1/2024

ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ ആറാമത് സംസ്ഥാന സമ്മേളനവും പതിനേഴാമത് വാർഷിക ജനറൽ ബോഡിയും തിരുവല്ലയിൽ

2024 ജനുവരി 27,28 തീയതികളിൽ
ഡോ അർഷാദ് നഗർ
(Kga Elite continental Hotel) തിരുവല്ല.

*പതാക ഉയർത്തൽ
*ഉദ്ഘാടന സമ്മേളനം
*പ്രതിനിധി സമ്മേളനം
*കുടുംബ സംഗമം
*ഡോ ബേബി കൃഷ്ണൻ മെമ്മോറിയൽ AHMA യങ്ങ് സ്കോളർ അവാർഡ്
*AHMA ബെസ്റ്റ് ഹോസ്പിറ്റൽ അവാർഡ്
*നങ്ങേലിൽ എവർ റോളിംഗ് ക്ലിനിക്കൽ കേസ് പ്രസന്റേഷൻ
*സെമിനാറുകൾ
*മെഡിക്കൽ ക്യാമ്പ്
*സമാപന സമ്മേളനം

ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, ദേശീയ സംസ്ഥാന ആയുഷ് പ്രതിനിധികൾ, ആയുർവേദ സംഘടന നേതാക്കൾ, ആയുർവേദ ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.

15/11/2023

01-05/12/2023

AHMA സ്പെഷാലിറ്റി ക്ലിനിക്ക്

മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡിസംബർ ഒന്നു മുതൽ.

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് നടക്കും. സെൻറർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ , കേന്ദ്രആയുഷ് മന്ത്രാലയം, കേരള ഗവൺമെൻറ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ആയുർവേദ സംഘടനകളും ചേർന്നു കൊണ്ടാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ നടത്തിവരുന്നത്. കേരളത്തിലെ പ്രമുഖമായ ആയുർവേദ ആശുപത്രികളുടെ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും.

കായ ചികിത്സ വിഭാഗം,ജീവിതശൈലി രോഗങ്ങൾ,അസ്ഥി മർമ്മ ചികിത്സാ,നേത്രരോഗ ചികിത്സാ , വാതരോഗ ചികിത്സാ , സ്പയിൻ ക്ലിനിക്, സ്ത്രീ രോഗ ചികിത്സ, ബാലരോഗ ചികിത്സാ , ആയുർവേദ ന്യൂറോ വിഭാഗം, ഇ എൻ ടി ക്ലിനിക്, പ്രസൂതി തന്ത്ര വിഭാഗം ഡയബറ്റിക് ക്ലിനിക് ,തൈറോയ്ഡ് ക്ലിനിക് ഹൃദ്രോഗ ചികിത്സാ, ചർമ്മരോഗ ചികിത്സാ വിഷ ചികിത്സാ,ഇൻഫെർട്ടിലിറ്റി ക്ലിനിക് ആനോറെക്ടൽ ക്ലിനിക് ,കളരി മർമ്മ വിഭാഗം, ആയുർവേദ സ്പോർട്സ് മെഡിസിൻ, ഓട്ടിസം ക്ലിനിക്, മാനസരോഗ ചികിത്സാ വിഭാഗം എന്നിവക്കുള്ള പ്രത്യേക സ്പെഷാലിറ്റി വിഭാഗങ്ങൾ എ എച്ച് എം എ സ്പെഷാലിറ്റി ക്ലിനിക്കിന്റെ ഭാഗമായി ഉണ്ടാവും. കൂടാതെ സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്, സൗജന്യ പ്രമേഹ രോഗനിർണയം, സൗജന്യ നേത്ര പരിശോധന എന്നിവയും ഇതിൻറെ ഭാഗമായി നടക്കും. ഇവിടങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കായി സൗജന്യമായി വിതരണം ചെയ്യുന്നതിന്15 ലക്ഷം രൂപയോളം വിലവരുന്ന ആയുർവേദ മരുന്നുകളും ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ നടക്കുന്ന ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് ഈ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

05/11/2023

07/03/2022

News Paper reports

07/03/2022

13/01/2022

വാർഷിക ജനറൽ ബോഡി

13/01/2022

News Paper reports

30/07/2021

AHMA Kerala is inviting you to a scheduled Zoom meeting

AHMA CTP - ആയുർവേദ ആശുപത്രി/ക്ലിനിക്ക് ലൈസൻസ് പുതുക്കൽ ഇനി ഓൺലൈനിലും - KSIDC യുമായി സഹകരിച്ച് AHMA സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി

Time: Aug 1, 2021 07:30 PM

Join Zoom Meeting

https://us02web.zoom.us/j/89965719018

Meeting ID: 899 6571 9018

ഒരു ആയുർവേദ ആശുപത്രി തുടങ്ങുന്നതിനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഏറെ ശ്രദ്ധിക്കണ്ട ചില കാര്യങ്ങളുണ്ട് , അതിലേറ്റും പ്രധാനം സർക്കാരിൽ നിന്നും ലഭിക്കണ്ട ഏതാനും ലൈസൻസുകളാണ്. അവയൊക്കെ യഥാസമയം എടുത്തില്ലെങ്കിൽ അതാത് വകുപ്പുകൾക്ക് ആശുപത്രിയുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടാൻ കഴിയും. ആ ഒരവസ്ഥ ഉണ്ടാകാതിരിക്കാൻ നമ്മൾ ജാഗ്രത പുലർത്തണം. തിരക്കേറിയ പ്രാക്ടീസിനിടയിൽ ഒരു പക്ഷേ നമ്മൾ ഇതൊക്കെവിട്ടുപോയേക്കാം. അല്ലെങ്കിൽ ആശുപത്രി സ്റ്റാഫിന്റെ ശ്രദ്ധക്കുറവ്. ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ എ.എഛ്.എം.എ. കഴിഞ്ഞ കുറേ നാളുകളായി ശ്രമിച്ചു വരികയായിരുന്നു. ഇതിന്റെ വിജയകരമായ പരിസമാപ്തിയാണ് ഞായറാഴ്ച നടക്കുന്ന വെബിനാർ. വിവിധ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടാതെ ഓൺലൈനായി വിവിധ ലൈസൻസുകൾ നേടാൻ കഴിയുന്നതെങ്ങനെ എന്ന് വിശദികരിച്ചു തരുന്നു , ഈ രംഗത്തെ വിദദ്ധർ . സംസ്ഥാന കമ്മറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവരെയാണ് ആദ്യത്തെ ശില്പശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിന്നും വൈദഗ്‌ധ്യം നേടുന്നവർ ജില്ലയിലെ മറ്റംഗങ്ങൾക്ക് തുടർ വിദ്യാഭ്യാസം നൽകുകയും, ഇക്കാര്യത്തിൽ സഹായം നൽകുകയും ചെയ്യണം എന്നാണ് ഉദ്ദേശിക്കുന്നത്. അതിനാൽ സംഘടനയുടെ നേതൃനിരയിലുള്ള എല്ലാവരും ഈ ശില്പശാലയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രസിഡന്റ്/ ജനറൽ സെക്രട്ടറി

AHMA State Committee

27/07/2021

ഡോ. പി.കെ.വാരിയർ : അറിവും അനുഭവവും ഇ.പി.രാജഗോപാലൻ

ഡോ. പി.കെ.വാരിയർ : അറിവും അനുഭവവും ഇ.പി.രാജഗോപാലൻ വീട്ടിൽ ആയുർവേദത്തിൻ്റെ അന്തരീക്ഷം മണമായും ഭാഷയായും ഉണ്ടായിരുന്നു. അച്ഛൻ ബലാഗുളുച്യാദി തൈലമാണ് തലയിൽ തേച്ചിരുന്നത്. എതാനും ആയുർവേദ മരുന്നുകൾ , ഒരു പൂർവ്വികൻ്റെ ഓർമയിൽ , വാങ്ങി സൂക്ഷിക്കുമായിരുന്ന ഒരു ബന്ധുവീടും സമീപത്തുണ്ട്. അവിടെ ഒരിക്കൽ ധാന്വന്തരം ഗുളികയ്ക്കും കുഴമ്പിനൊക്കെ പോയത് ഓർമ്മയുണ്ട്. സുകുമാരം നെയ്യ്, മാനസമിത്രവടകം -- ഇതൊക്കെ ചെറുപ്പത്തിലേ കേട്ട പേരുകൾ. ഈ ഓർമ്മയുടെ കൂടെയുള്ളതാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്ന ശബ്ദം. പി എസ് വാരിയർ , പി.കെ.വാരിയർ എന്നീ പേരുകൾ തുടർന്ന് ഇക്കൂട്ടത്തിലേക്ക് വന്നു. 1950 കളിൽ കോട്ടയ്ക്കൽ ആയുർവേദ കോളെജിൽ പഠിച്ച ബാലകൃഷ്ണേട്ടൻ അടുത്ത ബന്ധുവാണ്. ഡോ.യു. പി.ബാലകൃഷ്ണൻ നായർ. അദ്ദേഹത്തിൻ്റെ സംഭാഷണങ്ങളിൽ ഈ രണ്ടുപേരുകൾ അനുഭവമാനങ്ങളോടെ വരാറുണ്ടായിരുന്നു. കാഞ്ഞങ്ങാട് കിഴക്ക് കോളിയാറുള്ള ബാലകൃഷ്ണേട്ടൻ്റെ വീട്ടിൽ രണ്ടു കൊല്ലത്തോളം താമസിച്ചിരുന്നു. അക്കാലത്ത് പി. കെ.വാര്യരെപ്പറ്റിയുള്ള ഓർമ്മകൾ പലത് കേട്ടുപോന്നു. അദ്ദേഹത്തിൻ്റെ സ്നേഹബുദ്ധി, മിതത്വം, പരിഗണന എന്നിവയ്ക്കൊപ്പം സൂക്ഷ്മതയെപ്പറ്റിയും ബാലകൃഷ്ണേട്ടൻ പറയുമായിരുന്നു. പുതിയ കാലത്താണ് എല്ലാവരും ജീവിക്കുന്നത് എന്നും അതുൾക്കൊണ്ടാണ് ആയുർവേദ ചികിത്സാപ്രവർത്തനവും നടക്കേണ്ടത് എന്നുമുളള ധാരണയാണ് അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട ഒരു നിലപാട് എന്ന് ഇങ്ങനെയാണ് അറിഞ്ഞത്. കോട്ടയ്ക്കലിൽ ആദ്യമായി പോകുന്നത് 1990-ലാണ്. ഭാര്യാസഹോദരൻ വിനോദിൻ്റെ കൂടെ. വിനോദിന് വി പി എസ് വി ആയുർവേദ കോളെജിൽ പ്രവേശനം കിട്ടിയിരിക്കുന്നു. അതിൻ്റെ കാര്യത്തിനാണ് പോയത്. തുടർന്ന് പല തവണ പോയി. ആ വേളകളിലെല്ലാം പലരിൽ നിന്നായി പി.കെ.വാരിയരെപ്പറ്റി കേൾക്കുന്നുണ്ട്. ചികിത്സയിലുള്ള , മരുന്ന് നിർദ്ദേശിക്കുന്നതിലുള്ള ശാസ്ത്രീയമായ യുക്തിചിന്ത എന്ന ആശയത്തിൻ്റെ ആൾരൂപമായി അദ്ദേഹം മനസ്സിൽ ഇടം നേടി. കീഴേടത്ത് വാസുദേവൻ നായർ എഴുതിയ വൈദ്യരത്നം പി.എസ്. വാരിയരുടെ ജീവചരിത്രം വായിക്കാൻ കഴിഞ്ഞതോടെ പി കെ വാരിയരുടെ വൈദ്യവ്യക്തിത്വത്തിൻ്റെ പശ്ചാത്തലം തെളിഞ്ഞുകിട്ടി. കൊളോണിയൽ ഭരണം ഇന്ത്യൻ വഴക്കങ്ങളെ മുച്ചൂടും അസാധുവാക്കുന്ന വ്യവസ്ഥയായിത്തീർന്ന സാഹചര്യത്തിൽ ആയുർവേദത്തെ ജ്ഞാനമായും പ്രയോഗമായും നില നിർത്താൻ നടത്തിയ വിജയകരമായ പ്രവർത്തനം എന്ന് പി.എസ്.വാരിയരുടെ പൊതുജീവിതത്തെ സംഗ്രഹിക്കാൻ കഴിയുമെന്ന് അറിവായി. എന്നാലത് ഒരു പുനരുജ്ജീവന(revivalist) സംരംഭമല്ല താനും. പുതിയ ജീവിതസാഹചര്യങ്ങളും സാദ്ധ്യതകളും ഉൾച്ചേർത്തുകൊണ്ട് ആയുർവേദത്തെ ഒരു ശാസ്ത്രമായി ശക്തിപ്പെടുത്തുക എന്നതാണ് നയം. അതിനെ ജനകീയമായ ഉപയോഗത്തിലേക്ക് നയിക്കുകയും വേണം; മരുന്നുകൾ മരുന്നുകളായിത്തന്നെ എളുപ്പത്തിൽ ആ ആവശ്യക്കാർക്ക് കിട്ടുമാറാകണം; ശാസ്ത്രം ശാസ്ത്രീയമായി പഠിച്ച ചികിത്സകരും വേണം.വികസിതമായ ജ്ഞാനശേഖരവും റഫറൻസ് സൗകര്യവും ഉണ്ടാവണം; വൈദ്യന്മാർക്കിടയിൽ സംവാദശീലം വളരണം. പി എസ് വാരിയർക്ക് ഇങ്ങനെയൊക്കെ സങ്കല്പിക്കാൻ കഴിഞ്ഞു. ആധുനികമായ ചരിത്രസന്ദർഭത്തിലാണ് താൻ ഉള്ളത് എന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ആ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ടും തടസ്സങ്ങൾ മറികടന്നു കൊണ്ടും ആയുർവേദത്തെ ആധുനികമായി സ്ഥാപനവത്ക്കരിക്കാൻ അദ്ദേഹത്തിൻ്റെ ആര്യവൈദ്യശാലയ്ക്ക് കഴിഞ്ഞു. ഈ പ്രക്രിയയിൽ നഷ്ടപ്പെടാൻ ഇടയുള്ളത് മാനുഷികതയും ഉദാരതയുമാണ് ---- ഇടപെടലുകളിലെ ഹൃദ്യതയാണ്. മുതലാളിത്തം സ്വയം കാര്യക്ഷമമാകുന്നത് ലാഭത്തിനായാണ് - എന്നാൽ തൻ്റെ പ്രസ്ഥാനം ലാഭമുണ്ടാക്കുന്നത് ആയുർവേദത്തിന് വേണ്ടിത്തന്നെയാണ്. ഇത് വിളംബരം മാത്രമല്ല പ്രവർത്തനം കൂടിയാണ് എന്ന് തെളിയിക്കാൻ പി.എസ് .വാരിയർക്ക് കഴിഞ്ഞു. ഇതാണ് ആര്യവൈദ്യശാലയിലെ സംസ്കാരം. അത് നാട്യമല്ല; അടവല്ല. ഈ സംസ്കാരമാണ് ഏറെക്കാലമായി ഡോ. പി.കെ.വാരിയരിലൂടെ പ്രകാശിച്ചു പോന്നത്. വാസ്തവത്തിൽ ആര്യവൈദ്യശാലയിലെ കാൻറീനിലെ ജീവനക്കാരിൽ വരെ ഇത് നിലനിൽക്കുന്നുണ്ട്. തുടർച്ചയുടെ സംഗീതം. തുടർന്നുകൊണ്ട് പുതുതായിക്കൊണ്ടിരിക്കാനുളള സന്നദ്ധത. യൗവനാരംഭത്തിൽ ഇടതുപക്ഷപ്രവർത്തകനായിരുന്നു ഡോ.വാരിയർ . ഈ അനുഭവം കൂടി തൻ്റെ സാമൂഹ്യബോധത്തെയും സംവാദശീലത്തെയും ഹൃദ്യവും ശാസ്ത്രീയവുമാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന് വിലയിരുത്താം. ആദ്യം കണ്ടത് കുറച്ചുദൂരെ നിന്നാണ് . ഒ.പി. കഴിഞ്ഞ് പുറത്തിറങ്ങി കാറിൽ കയറുന്ന രംഗം. നാലഞ്ച് കൊല്ലം കഴിഞ്ഞ് സ്വന്തം ശരീരകാര്യവുമായി കോട്ടയ്ക്കൽ വരേണ്ടിവന്നു. കലശലായ നടുവേദന. മംഗലാപുരത്തെ ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചതായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ചെറിയ ഇളക്കത്തെ പ്പോലും വലിയ വേദനയായി മാറ്റുന്ന ഉടലായി ഇവിടത്തെ ആയുർവേദ കോളെജ് ആശുപത്രിയിൽ ചെന്നെത്തിയത്. അവിടത്തെ ഡോക്ടർമാർക്കും കോട്ടയ്ക്കൽ ശൈലിയിലുള്ള സ്നേഹബുദ്ധിയും സൂക്ഷ്മതയും രോഗിയെ വ്യക്തിപരമായി പരിഗണിക്കുന്ന രീതിയും ഉണ്ടെന്ന് സന്തോഷത്തോടെ മനസ്സിലാക്കാൻ കഴിഞ്ഞു. കരുനൊച്ചിയുടെ നീര് അപ്പടി കഴിക്കുക എന്നതായിരുന്നു പ്രധാന ചികിത്സ. നാട്ടിൽ കിട്ടുന്ന ഒരു പച്ച മരുന്നാണ്. വേദന ഏതാണ്ട് ഭേദപ്പെട്ടു വന്നു. ഡോ.പി .കെ. വാരിയരെക്കൂടി കാണാൻ ആഗ്രഹം തോന്നി. വൈകാതെ അതിനവസരം വന്നു ആര്യവൈദ്യശാലയുടെ ധർമ്മാശുപത്രിയിലെ തൻ്റെ മുറിയിൽ ഉന്മേഷവാനായി അദ്ദേഹം ഇരിക്കുന്നു. തൊഴുതു. മരുന്നെഴുതിയ കടലാസ് കൈമാറി. അത് അദ്ദേഹം നോക്കി. ശ്രദ്ധയുടെ മാത്രകൾ. ഭേദമുണ്ടല്ലോ എന്ന് പുഞ്ചിരിയോടെ ചോദിച്ചു. ഭക്ഷണകാര്യം കൂടി ക്രമപ്പെടുത്തണം ; മലബന്ധം ഉണ്ടെങ്കിൽ ഒഴിവാക്കണം -- അദ്ദേഹം പറഞ്ഞു. ചിട്ടയില്ലാതെ എന്തൊക്കെയോ കഴിച്ച് " കഷായത്തെ വിഷമിപ്പിക്കല്ലേ " എന്ന ഉപദേശം. മരുന്നുകൊണ്ടു മാത്രമല്ല മൊത്തം ശരീരശീലങ്ങൾ ശരിപ്പെടുത്തി ക്കൊണ്ടാണ് രോഗത്തെ അതിജീവിക്കേണ്ടത് എന്ന പ്രസിദ്ധമായ ആ തത്ത്വം എത്രയെങ്കിലും ആതുരരോട് അദ്ദേഹം പറഞ്ഞിട്ടുണ്ടാകും (അന്നദ്ദേഹത്തിന് എഴുപത്തഞ്ച് വയസ്സുണ്ട്.) എന്നാൽ പുതിയ ഒരാളിനോട് പറയുമ്പോഴും അതിലെ ഊർജ്ജത്തിന് ഒട്ടും കുറവു വരുന്നില്ല. നിർദ്ദേശസ്വരം യാന്ത്രികമല്ല; സ്നേഹവും കരുതലും കലർന്ന ശാസ്ത്രഭാഷയാണത്. ബഹുശ്രുത: കാലവേദീ ജ്ഞാതഗ്രന്ഥോ അർത്ഥശാഖ വിത് അനാഥാൻ രോഗിണോ യശ്ച പുത്രവത് സമുപാരേത്. അർത്ഥം : ആഴത്തിലുള്ള അറിവ്, കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിയാനുള്ള കഴിവ്, ഗ്രന്ഥ ജ്ഞാനം എന്നിവ കൈമുതലായുള്ള വൈദ്യൻ അനാഥരായ രോഗികളെ പുത്രനെപ്പോലെ പരിഗണിക്കുന്നു. കോട്ടയ്ക്കലിൽ രണ്ടു പ്രതിമകൾ ഉണ്ട്. ഒന്ന് ആര്യവൈദ്യശാലയുടെ ധർമ്മാശുപത്രിയുടെ അങ്കണത്തിൽ. അതൊരു മാർബ്ൾ പ്രതിമയാണ്. മറ്റേത് ആയുർവേദ കോളെജിൻ്റെ മുന്നിലായാണ്. ലോഹം കൊണ്ടുള്ളത്. രണ്ടും ഒരാളുടേതാണ്. വൈദ്യരത്നം പി.എസ്.വാരിയരുടെത്. മാർബ്ൾ പ്രതിമ മുണ്ടുടുത്ത, തോർത്ത് ചുമലിലിട്ട കുടുമ കെട്ടിയ ഒരാളിൻ്റേതാണ് . മറ്റേത് ഇംഗ്ലീഷ് വേഷത്തിൽ പാൻറ്സും ഷർട്ടും ഓവർക്കോട്ടും നെക് റ്റൈയും തൊപ്പിയുമൊക്കെയുള്ളത്. ഒന്നാമത്തെ പ്രതിമ പാരമ്പര്യത്തിൻ്റെ പ്രതീകം പോലെ. രണ്ടാമത്തേത് ആധുനികതയുടെയും. പി. എസ്.വാരിയരിൽ ,അതായത് ആര്യവൈദ്യശാലയിൽ പാരമ്പര്യവും ആധുനികതയും ഉണ്ട്. ഇത് ഒരു സന്ദേശവുമാണ്. രണ്ടു പ്രതിമകളിലൂടെ ഈ കാര്യം പ്രക്ഷേപിക്കപ്പെടുന്നുണ്ട്. ഇങ്ങനെ വാദിച്ചുകൊണ്ടുള്ള ഒരു ലേഖനം എഴുതി. ദേശാഭിമാനി വാരികയാണ് പ്രസിദ്ധീകരിച്ചത്. വാരികയുടെ കോപ്പി കിട്ടിയപ്പോൾ ലേഖനത്തിൻ്റെ ഒരു പകർപ്പ് ഡോ. പി.കെ.വാരിയർക്ക് അയക്കണമെന്ന് തോന്നി. അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി വന്നു . ലേഖനം വായിച്ചു എന്നും സ്ഥാപകൻ്റെ ദർശനം സദാ സ്മരിക്കപ്പെടുന്നു എന്നതിൽ സന്തോഷം തോന്നുന്നു എന്നുമാണതിൽ കണ്ടത്. സത്വരമായ ഈ ശ്രദ്ധയിലെ പരിഗണനാഭാവവും ജ്ഞാനമൂല്യവും ശ്രദ്ധേയമായി തോന്നി. 2011- ൽ ഇടുക്കിയിലേക്ക് സ്ഥലംമാറ്റം കിട്ടി . വാഴത്തോപ്പിനടുത്തുളള മണിയാറാങ്കുടി സ്കൂളിലേക്ക്. സ്കൂൾ ചെറുതോണി ഡാമിൽ നിന്ന് അധികം ദൂരത്തല്ല. മാറാത്ത തണുപ്പ് ; വൈകുന്നേരം തൊട്ടുള്ള ഏകാന്തത ; സ്കൂൾ ഓഫീസിലെ തരക്കേടുകൾ. ആകെ അസ്വസ്ഥതയായിരുന്നു. തൊടുപുഴയിൽ നിന്ന് ഒരു വകുപ്പുതല അദാലത്തും കഴിഞ്ഞ് ഒരു കെട്ട് ഈ ഔദ്യോഗികരേഖകളുമായി ബസിൽ വരുമ്പോൾ തുടർച്ചയായ തലകറക്കമുണ്ടായി. വൈകുന്നേരമാകുമ്പോഴേക്കും ശരീരത്തിൻ്റെ ഇടതുഭാഗത്ത് തളർച്ച വന്നു.. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. പൈനാവ് ജില്ലാ ആശുപത്രിയിലും കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെയും ദിവസങ്ങൾ കഴിഞ്ഞ് കോട്ടയ്ക്കൽ വന്ന് ചികിത്സ തുടർന്നു. ഏതാണ്ട് ഭേദമായി വീട്ടിലേക്ക് മടങ്ങാമെന്നായപ്പോൾ (വീണ്ടും ) ഒന്ന് ഡോ. പി.കെ.വാരിയരെ പോയിക്കാണാമെന്ന് , അപ്പോഴേക്കും ആയുർവേദ കോളെജിൽ അധ്യാപകനായിക്കഴിഞ്ഞിരുന്ന ഡോ. വിനോദ് പറഞ്ഞു. ചങ്കുവെട്ടിയിലെ ഒ.പി. ബ്ലോക്കിലെ മുറിയിൽ വെച്ചു തന്നെയാണ് കണ്ടത്. അസുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. മരുന്നുകളെക്കുറിച്ച് തിരക്കി. തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ നിർദ്ദേശിച്ചു. എം.ടി.വാസുദേവൻ നായർ എഴുതി: " (അദ്ദേഹത്തെ )കാണുമ്പോൾ കിട്ടുന്ന സന്തോഷം, സംതൃപ്തി അതെനിക്ക് വിവരിക്കാനാവില്ല. (അത് )ഏതെങ്കിലും മരുന്ന് നൽകുന്നതല്ല." പലരുടെയുടെയും അനുഭവമായിരിക്കും ഇത്. പ്രസന്നതയും നിഷ്ക്കളങ്കതയും ശ്രദ്ധാശീലവും ഉള്ള ശരീരഭാഷ ഡോ. പി.കെ.വാരിയരുടെ നിലപാടുകളുടെ പ്രകാശനമാണ് എന്ന അറിവ് എനിക്ക് അന്നത്തെ ക്ഷീണാവസ്ഥയിൽ തന്ന ആശ്വാസം വലുതാണ്. ആര്യവൈദ്യശാലയുടെ വരുമാനമോ ലാഭ മോ വ്യക്തികൾക്ക് ഉപയോഗിക്കാനാവില്ല. അതൊക്കെ ആയുർവേദത്തിൻ്റെ (ഗവേഷണമടക്കമുള്ള )പല പല ദിശകളിലുള്ള വളർച്ചയ്ക്കും ആയുർവേദ കോളെജിൻ്റെ പുരോഗതിയ്ക്കും ചെലവാക്കാനുള്ളതാണ്. ഈ സാമ്പത്തിക ശാസ്ത്രം (അഥവാ സാമൂഹ്യശാസ്ത്രം) ആ പ്രസ്ഥാനത്തിൻ്റെ നേതാവിൽ സദാ ഉണ്ടാക്കുന്ന ലാഘവവും ആനന്ദവുമാണ് മുന്നിലെത്തുന്ന ആതുരർക്ക് മറ്റൊരു രൂപത്തിൽ പകർന്ന് കിട്ടുന്നത്. ഇതാണ് എൻ്റെ തോന്നൽ --- അനുഭവം. 2005 ൽ പുറത്തുവന്ന 'സ്മൃതിപർവ്വം' എന്ന പേരിലുള്ള ഡോ. വാരിയരുടെ ആത്മകഥ പിന്നീടാണ് വായിക്കാൻ കഴിഞ്ഞത്. അതോടെ ഇത് വെറും തോന്നൽ അല്ല എന്ന് ഉറപ്പായി. അതിലെ ഭാഷയുടെ നേർമ്മയും തെളിച്ചവും പോലും യാദൃച്ഛികമല്ല ; നിർമ്മിതിയല്ല. അദ്ദേഹം പറയുന്നത് ടെയ്പ് റിക്കാർഡറിൽ പകർത്തിയത് കേട്ട് എഴുതിയതാണ് ആ ആത്മകഥ. പതിവുവാമൊഴിയുടെ ഉയിരുള്ള, അത്രയും ആത്മഭാവമുള്ള ആത്മകഥയാണ് അത്. 2020 ൻ്റെ ആദ്യമാസങ്ങളിൽ ഞാൻ ഇടയ്ക്കിടെ കോട്ടയ്ക്കൽ പോയിരുന്നു -- താമസിച്ചിരുന്നു. പി .എസ്.വാരിയരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു നാടകം എഴുതണമെന്ന നിർദ്ദേശം ആര്യവൈദ്യശാലയിൽ നിന്ന് വന്നതാണ് കാരണം. അതിനായി അവിടെ ലഭ്യമായ കുറേ പുസ്തകങ്ങൾ നോക്കി. പി. എസ്.വാരിയരുടെ ജീവചരിത്രം, പ്രമേയാധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ ഡയറിക്കുറിപ്പുകൾ, വിവിധ സന്ദർഭങ്ങളിൽ പുറത്തിറക്കിയ സ്മരണികകൾ, സംഗീതനാടകകൃതികൾ, ഇംഗ്ലിഷിലുള്ള ഡോ.എം ആർ.രാഘവവാരിയരുടെയും മറ്റും പഠനങ്ങൾ, സ്മാരക പ്രഭാഷണങ്ങളുടെ അച്ചടിപ്പാഠങ്ങൾ..... . ആര്യവൈദ്യശാലയുടെ മ്യൂസിയവും പോയി കണ്ടു. പി.കെ വാരിയരുടെ ആത്മകഥ വീണ്ടും വായിക്കുകയും ചെയ്തു. ഡോ. പി. എം. വാരിയരോട് പല തവണ സംസാരിച്ചു. പി. രാഘവവാരിയരുടെ ആത്മകഥയിൽ നിന്നെന്നെ പോലെ നേരിട്ടുള്ള സംഭാഷണത്തിൽ നിന്നും പലതും അറിയാനായി. ഇ.വി.ഹരിദാസുമായിച്ചേർന്നാണ് നാടകം എഴുതിയത്. 'സ്ഥാപകൻ' എന്ന് പേരിട്ടു . പി. എസ്. വാരിയരെ പലരും അങ്ങനെ പരാമർശിക്കുന്നത് കേട്ടിരിക്കുന്നു. അതിൽ ആദരപ്രകടനം മാത്രമല്ല ഉള്ളത്. കേരളത്തിലെ പൊതു നവോത്ഥാനത്തിൻ്റെ ഭാഗമായ ആയുർവേദനവോത്ഥാനത്തിൻ്റെ സ്ഥാപകൻ എന്ന ചരിത്രം കൂടി അതിൽ ഉണ്ട്. "കുട്ടിമ്മാനോ"ട് (ഡോ.പി.കെ. വാരിയർ നിരവധി ബന്ധുജനങ്ങൾക്ക് 'കുട്ടിമ്മാനാ'ണ് --- കുട്ടിയമ്മാമൻ. ) കുറച്ചു സമയമെങ്കിലും സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അങ്ങനെയൊരു സന്ദർഭം ഒത്തുവന്നില്ല. പത്തായപ്പുര എന്ന് വിളിക്കുന്ന വീടിൻ്റെ ഒന്നാം നിലയിലെ ജാലകത്തിലേക്ക് നോക്കുമ്പോൾ ഡോ.വാരിയർ വിശ്രമത്തിൽ കഴിയുന്നത് കാണാമായിരുന്നു. ആ കെട്ടിടത്തിൽ അദ്ദേഹത്തിൻ്റെ ആവശ്യത്തിനായി ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയതു കൂടി കണ്ടതോടെ നേരിൽക്കണ്ട് സംസാരിക്കാനുളള സാദ്ധ്യതയില്ല എന്ന് തോന്നി. ബുദ്ധിമുട്ടാവും എന്ന് മനസ്സിലാക്കി ഞങ്ങൾ അതിനായി ശ്രമിച്ചില്ല. ഇ വി.ഹരിദാസിൻ്റെ തന്നെ സംവിധാനത്തിൽ നാടകത്തിൻ്റെ പരിശീലനം മുന്നോട്ടു പോയി. 2020 മാർച്ച് മദ്ധ്യത്തോടെ രംഗാവതരണം എന്ന ധാരണയുണ്ടായി. ഡോ. പി.കെ.വാരിയരുടെ ശബ്ദത്തോടെ അവസാനിക്കുന്ന തരത്തിലാണ് നാടകം ( പല ചർച്ചകൾക്കും മാറ്റങ്ങൾക്കും ശേഷം ) എന്ന് ക്രമപ്പെടുത്തി. വെളിച്ചത്തിൻ്റെ സാന്നിദ്ധ്യം കൂടി ഉൾപ്പെടുത്തിക്കൊണ്ടുളള റിഹേഴ്സലിലേക്ക് കടക്കാൻ നിശ്ചയിച്ച ദിവസം അടച്ചുപൂട്ടലിൻ്റെ ഉത്തരവ് വന്നു കഴിഞ്ഞു . അങ്ങനെ അവതരണം എന്നെന്ന് അറിയാത്ത നിലയിലേക്ക് ആ നാടകം എത്തിച്ചേർന്നു. മഹാമാരി ഒട്ടൊന്ന് അടങ്ങിയാൽ അതിൻ്റെ അവതരണം നടക്കുമായിരിക്കും. പക്ഷെ അത് കാണാൻ ,അതിൽ സംഭവങ്ങളായും സൂചനകളായും വന്നു ചേരുന്ന വൈദ്യചരിത്രത്തിൻ്റെ ഏറ്റവും നല്ല പങ്കാളിയും വ്യാഖ്യാതാവും ഇല്ലാതെ വന്നിരിക്കുന്നു. നാടകത്തിലെ കാര്യങ്ങൾ നടന്ന സ്ഥലത്തു തന്നെ , നാടകത്തിൽ വരുന്ന പല ഓർമ്മകളും സ്വന്തം ജീവിതത്തിൻ്റെ ഭാഗമാക്കി വെച്ചിട്ടുള്ള മൂന്നു നാല് തലമുറകളിലെ അംഗങ്ങൾക്ക് മുന്നിൽ നാടകം കളിക്കുന്നതിലുള്ള സംഘർഷവും ഉത്സാഹവും ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാടകം ഡോ. പി.കെ.വാരിയരുടെ കാഴ്ചയിൽ വരുമല്ലോ എന്ന കാര്യം ഈ വികാരരംഗത്തിൻ്റെ കേന്ദ്രസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. "കൃഷ്ണൻ" എന്ന് വൈദ്യരത്നം പി.എസ്.വാര്യർ വാത്സല്യത്തോടെ പരാമർശിച്ചുപോന്ന , അറിവിൻ്റെയും കാര്യക്ഷമതയുടെയും നന്മയുടെയും പ്രസന്നതയുടെയും സംവാദസംസ്കാരത്തിൻ്റെയും ആ വ്യക്തിത്വത്തിന് മുന്നിൽ അവതരണം നടത്താൻ ഞങ്ങൾക്ക് ഇനി കഴിയില്ല. ആ നാടകത്തിന് ഏറ്റവും നല്ല കാണിയെ നഷ്ടപ്പെട്ടിരിക്കുന്നു. >> ഇ. പി.രാജഗോപാലൻ " ശ്രീരേഖ " മാണിയാട്ട് 671310 കാസർകോട് ജില്ല.

19/07/2021

ആയുര്‍വേദ മരുന്നുകളുടെ സുരക്ഷിതത്ത്വവും (Safety) ഫലപ്രാപ്തിയും (Efficacy) ഗുണനിലവാരവും (Quality)

ഏതൊരു വൈദ്യശാസ്ത്രത്തിലേതായാലും മരുന്നുകൾക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ ഘടകങ്ങൾ/ ആവശ്യങ്ങൾ (basic requirements) ആണ് അവയുടെ സുരക്ഷിതത്ത്വവും (Safety) ഫലപ്രാപ്തിയും (efficiency) ഗുണനിലവാരവും (Quality). ആധുനിക മരുന്ന് ഗവേഷണങ്ങളിലൂടെ പുതിയ മരുന്നുകൾ കണ്ടെത്തുന്നവരും സുരക്ഷിതത്ത്വവും (Safety) ഫലപ്രാപ്തിയും (efficiency) ഉറപ്പുവരുത്തുന്ന മരുന്നുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കൂടാതെ മരുന്ന് നിർമ്മിച്ച് നൽകുന്ന ഘട്ടത്തിൽ ഓരോ പ്രാവശ്യം നിർമ്മിക്കുമ്പോഴും അവയുടെ ഗുണനിലവാരം ഒരുപോലെയായിരിക്കുന്നതിന് ആവശ്യമായ നിബന്ധനകൾ പാലിക്കുകയും ചെയ്യുന്നു (measures to ensure same quality in each batch) "ആയുര്‍വേദ മരുന്നുകൾക്ക് ഗുണനിലവാരവുമില്ല, സുരക്ഷിതവുമല്ല; പരിശോധിക്കാൻ മാർഗ്ഗവുമില്ല" എന്ന രീതിയിൽ ഇക്കാലത്ത് ചില ആയുര്‍വേദ വിരുദ്ധ ലോബികൾ പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇതു സംബന്ധമായ വസ്തുതകൾ യഥാര്‍ത്ഥ ശാസ്ത്രാന്വേഷകരും മറ്റ് ആയുര്‍വേദ സ്നേഹികളും മനസ്സിലാക്കുന്നത് ഇത്തരം ആയുര്‍വേദ വിരുദ്ധ കുപ്രചരണക്കാരുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതിന് ഉപകാരപ്രദമാണ്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കാം: 1. ആയുർവേദ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്താനായി എന്തെങ്കിലും നിയമവ്യവസ്ഥകളുണ്ടോ? 2. ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്നുകൾ നിർമ്മിക്കപ്പെട്ടാൽ അത് കണ്ടെത്തുന്നതിന് മാർഗ്ഗമുണ്ടോ? 3. ആയുർവേദ മരുന്നുകളിൽ ചേർന്ന ഘടകങ്ങളെല്ലാം ലബോറട്ടറികളിൽ പരിശോധിച്ച് കണ്ടെത്താനാകുമോ? 4. ആയുർവേദ മരുന്നുകൾ മൂലം എന്തെങ്കിലും അപകടം ഉണ്ടാവുകയാണെങ്കിൽ പരാതിപ്പെടാൻ മാർഗ്ഗമുണ്ടോ (Is there any provision for Adverse Drug Reaction reporting in Ayurveda)? സാധാരണക്കാർ മുതൽ ഉന്നത ഗവേഷണ സ്ഥാപനങ്ങളിലുളളവർക്ക് വരെ സംശയമുളള വിഷയങ്ങളാണിവ. (ഇന്ത്യയിലെ പ്രശസ്തമായ ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിലെ കുറച്ച് ഗവേഷകരും ഈ വിഷയം പഠിക്കുന്നതിന്റെ ഭാഗമായി resource person എന്ന നിലയിൽ കുറച്ച് മാസങ്ങൾക്കുമുൻപ് വിളിച്ചിരുന്നു). ഈ വിഷയം ചർച്ച ചെയ്യുന്നതിന് മുൻപായി ആയുര്‍വേദ മരുന്നുകളുടെ ലൈസന്‍സ് സംബന്ധമായ ചില അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ആയുര്‍വേദ മരുന്നുകൾ ലൈസന്‍സ് അടിസ്ഥാനമാക്കി പ്രധാനമായി രണ്ടു വിഭാഗത്തിലുൾപ്പെടുന്നു: A. പഴയ കാലത്തെ ആയുര്‍വേദ ആചാര്യന്മാരാൽ രചിക്കപ്പെട്ട ചില ആയുര്‍വേദ ഗ്രന്ഥങ്ങളിലും മറ്റ് ചില അംഗീകൃത ഗ്രന്ഥങ്ങളിലും എഴുതിയിരിക്കുന്ന യോഗങ്ങൾ (ഔഷധക്കൂട്ടുകൾ) പ്രകാരം നിർമ്മിക്കുന്ന "ക്ലാസിക്കൽ" മരുന്നുകൾ അഥവാ മറ്റൊരു രീതിയിൽ പറഞ്ഞാൽ Drugs & Cosmetic Act ലെ "First schedule" ൽ ഉൾപ്പെട്ട ഗ്രന്ഥങ്ങളിലുളള യോഗങ്ങൾ/ ഔഷധക്കൂട്ടുകൾ (formula) പ്രകാരം നിർമ്മിക്കുന്ന മരുന്നുകൾ. B. മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങളിൽ പറയാത്തതും ഏതെങ്കിലും ആയുര്‍വേദ ചികിത്സകർ അവരുടെ ചികിത്സാനുഭവത്തിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തതോ / കണ്ടെത്തിയതോ അഥവാ പരീക്ഷണശാലകളിൽ വിവിധ ഔഷധച്ചെടികൾ മുതലായവ ചേർത്ത് നിർമ്മിച്ചെടുത്തതോ ആയ "പേറ്റന്റ് & പ്രൊപ്രൈറ്ററി" വിഭാഗത്തിലുൾപ്പെട്ട മരുന്നുകൾ. (ക്ലാസിക്കൽ മരുന്ന് വിഭാഗത്തിലുൾപ്പെടാതെ ബല്യ-പോഷക്, സൗന്ദര്യ പ്രസാധക് എന്നീ വിഭാഗങ്ങളിലുൾപ്പെട്ട മരുന്നുകൾ കൂടിയുണ്ട്) ഇനി മുമ്പ് ഉന്നയിച്ച ചോദ്യങ്ങൾക്കുളള മറുപടി നോക്കാം 1. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്ത്വവും ഉറപ്പുവരുത്താനായി എന്തെങ്കിലും നിയമങ്ങൾ/ വ്യവസ്ഥകളുണ്ടോ? A. ക്ലാസിക്കൽ ആയുര്‍വേദ ഔഷധങ്ങളുടെ നിർമ്മാണത്തിനാവശ്യമായ മരുന്നുകളും അവയുടെ നിർമ്മാണ രീതിയും അതാത് ഔഷധക്കൂട്ട് പറഞ്ഞിരിക്കുന്ന അംഗീകൃത ഗ്രന്ഥത്തിൽ എഴുതിയതുപോലെയാണ് ചെയ്യേണ്ടത്. ഇതിനായി ഔഷധ നിർമ്മാതാവ്, പ്രസ്തുത ഗ്രന്ഥത്തിലെ ഔഷധത്തിന്റെ അളവുകളേയും നിർമ്മാണ ക്രമത്തേയും അടിസ്ഥാനമാക്കി അതാത് ഔഷധ നിർമ്മാണം ഏകീകരിച്ച് ചിട്ടപ്പെടുത്തുന്നതിനുളള Standard Operative Procedure (SOP) തയ്യാറാക്കി സൂക്ഷിക്കുകയും ഓരോ തവണ/ batch മരുന്ന് നിർമ്മിക്കുമ്പോഴും അതിനനുസരിച്ച് അസംസ്കൃത മരുന്നുകൾ (raw materials/drugs) എടുക്കുകയും പാകപ്പെടുത്തുകയും പാക്കിങ് ചെയ്യുകയും ചെയ്തതിന് രേഖ/ തെളിവ് സൂക്ഷിച്ചു വെക്കുകയും ചെയ്യണമെന്ന് നിർബന്ധമാണ്. മാത്രവുമല്ല, ഇത്തരം മരുന്നുകൾ ആയിരക്കണക്കിന് വർഷങ്ങളായി സമൂഹം/ ജനങ്ങൾ വ്യാപകമായി സുരക്ഷിതമായി ഉപയോഗിച്ചു വരുന്നതുകൊണ്ട് അവ "Time tested medicines" ആണ് എന്ന് കണക്കാക്കിയിരിക്കുന്നു. ഒരു മരുന്ന് കണ്ടെത്തി ലോകത്തിലെ ജനങ്ങളിൽ പ്രയോഗിച്ച് കുറച്ചു വർഷം കഴിഞ്ഞ് അതിന്റെ side effects അഥവാ safety issues പറഞ്ഞ് പിൻവലിക്കേണ്ടി വരികയും അതിനുപകരം കണ്ടെത്തുന്നതും ഇതേ പോലെ കുറച്ചു വർഷത്തിന് ശേഷം പിൻവലിക്കേണ്ടി വരികയും ചെയ്യുന്ന "ശാസ്ത്രീയ അളവുകോൽ" ഉപയോഗിച്ച് അംഗീകരിച്ചാലേ ഇത്തരത്തിൽ സഹസ്രാബ്ദങ്ങളായി നിലകൊളളുന്ന മരുന്നുകൾ "ശാസ്ത്രീയമായി അംഗീകരിക്കാനാകൂ" എന്ന് ആരെങ്കിലും പറഞ്ഞാൽ അവരിൽ ഒരു "നെല്ലിക്കാത്തളം" വക്കുന്ന കാര്യം ചിന്തിക്കേണ്ടതാണെന്നല്ലാതെ മറ്റെന്തു പറയാൻ! ! B. ഇനി, അടുത്ത വിഭാഗമായ പേറ്റന്റ് & പ്രൊപ്രൈറ്ററി മരുന്നുകളുടെ കാര്യത്തിലാകട്ടെ, അവയുടെ സുരക്ഷിതത്ത്വവും ഫലപ്രാപ്തിയും തെളിയിക്കുന്നതിനായി ഗവണ്മെന്റ് നിർദ്ദേശിച്ച രീതിയിൽ Clinical trial report സമർപ്പിക്കുകയും അത് expert committee അംഗീകരിക്കുകയും ചെയ്താലേ അവക്ക് ലൈസന്‍സ് ലഭിക്കൂ. ആയുര്‍വേദ ഔഷധങ്ങളുടെ ഗുണനിലവാരവും നിർമ്മാണക്രമത്തിലെ ഐകരൂപ്യവും ( Quality Assurance standardisation of raw materials & procedures) അസംസ്കൃത വസ്തുക്കൾ മുതൽ ഉണ്ടാക്കിയ ഉല്പന്നം സൂക്ഷിച്ചു വക്കുന്നതുവരെ (from raw materials to storage) ഉറപ്പുവരുത്താനായി Government of India യുടെ AYUSH Ministry ക്ക് കീഴിലുളള വിദഗ്ധ സമിതികൾ, Ayurvedic Pharmacopoeia of India (API), Ayurvedic formulary of India (AFI) എന്നിവയുടെ അനേകം volumes പുറത്തിറക്കിയിട്ടുണ്ട്, പുതിയ ഔഷധച്ചെടികളേയും ഔഷധക്കൂട്ടുകളേയും ഉൾപ്പെടുത്തിക്കൊണ്ട് അവയുടെ പുതിയ volume ങ്ങളുടെ നിർമ്മാണം ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇവയിൽ അതാത് മരുന്നുകളുണ്ടാക്കാനെടുക്കേണ്ട അസംസ്കൃത വസ്തുക്കൾ, അവക്കുണ്ടായിരിക്കേണ്ട ഗുണനിലവാരം, നിർമ്മാണ രീതി മുതലായവ ചിട്ടപ്പെടുത്തിയിട്ടുണ്ട് (standardised the raw materials & procedures); അവയിൽ ആയുര്‍വേദ ദൃഷ്ടിയിൽ ചില പോരായ്മകളുണ്ടെങ്കിലും. കൂടാതെ മരുന്നുകൂട്ടുകളിൽ ചേർക്കാവുന്ന അംഗീകൃത പ്രിസർവേറ്റീവുകളും നിശ്ചയിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി നടപ്പിലാക്കുന്നതിനും പരിശോധിക്കുന്നതിനുമായി ഗവണ്മെന്റിന്റെ Drugs Control Department ന് കീഴിൽ ആയുര്‍വേദത്തിന് പ്രത്യേക വിഭാഗവുമുണ്ട്. മാത്രമല്ല, ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം സംബന്ധിച്ച് Quality Council of India യുടെ AYUSH Mark certification, AYUSH Premium Mark certification എന്നിവയും നിലവിലുണ്ട്. ഇതുകൂടാതെ, താൽപര്യമുളളവർക്കായി Manufacturing മായി ബന്ധപ്പെട്ട് മറ്റുചില certification പ്രോഗ്രാമുകളുമുണ്ട്. 2. ഗുണനിലവാരമില്ലാത്ത ആയുര്‍വേദ മരുന്നുകൾ നിർമ്മിക്കപ്പെട്ടാൽ അത് കണ്ടെത്തുന്നതിന് മാർഗ്ഗമുണ്ടോ? ഔഷധ ഗുണനിലവാരം ഉറപ്പുവരുത്തുന്ന മാർഗ്ഗനിർദ്ദേശങ്ങളും അതനുസരിച്ച് നിർമ്മിക്കപ്പെടുന്ന ഔഷധങ്ങളുടെ ചില parameters അളക്കുന്നതിനുളള chemical test കളും ഗവണ്മെന്റ് രൂപീകരിച്ചിട്ടുണ്ട്. അതിനാൽ, യഥാര്‍ത്ഥ അസംസ്കൃത വസ്തു ഉപയോഗിച്ച് സർക്കാർ അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് നിർമ്മിക്കുന്ന ഔഷധത്തിന്റെ test value കൾ സർക്കാർ പറഞ്ഞ പരിധിയിൽ (range) വരുമ്പോൾ അതിന്റെ നിർമ്മാണത്തിന് യഥാര്‍ത്ഥ അസംസ്കൃത വസ്തു യഥാര്‍ത്ഥ അളവിൽ ഉപയോഗിച്ചതായും അംഗീകൃത നിർമ്മാണ രീതി അനുവർത്തിച്ചതായും മനസ്സിലാക്കാം. ആയുര്‍വേദ മരുന്നുല്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പു വരുത്താൻ ഗവണ്മെന്റ് Good Manufacturing Practice (GMP) എന്നത് നടപ്പിലാക്കിയിട്ടുണ്ട്. (GMP Certificate അംഗീകൃത ഔഷധ നിർമ്മാണസ്ഥാപനങ്ങൾക്ക് നിർബന്ധമാണ്, അംഗീകൃത ആയുര്‍വേദ വൈദ്യന്മാർക്ക് അവരവരുടെ രോഗികളുടെ ചികിത്സാവശ്യത്തിന് മരുന്ന് നിർമ്മിച്ച് നൽകുന്നതിന് ഇതിൽ ചില ഇളവുകളുമുണ്ട് ). ആയുര്‍വേദ ഔഷധത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നേടാവുന്ന AYUSH Accredited ലാബുകൾ കേരളത്തിലടക്കം ഉണ്ട് (അത്തരമൊന്നിന്റെ head ആയി കുറച്ചുകാലം ഞാൻ പ്രവർത്തിച്ചതാണ്) 3. ആയുര്‍വേദ മരുന്നുകളിൽ ചേര്‍ന്ന ഘടകങ്ങളെല്ലാം ലബോറട്ടറികളിൽ പരിശോധിച്ച് കണ്ടെത്താനാകുമോ? അലോപ്പതിയിൽ പ്രധാനമായും മരുന്നുകളായി ഉപയോഗിക്കുന്നത് single molecules ആണ്. എന്നാൽ ലക്ഷക്കണക്കിന് chemical molecules അടങ്ങിയ അനേകം ഔഷധ ചെടികൾ ചേർത്ത് ഉണ്ടാക്കുന്നതിനാലും ഔഷധ നിർമ്മാണ പ്രക്രിയയിൽ ഈ രാസസംയുക്തങ്ങൾ തമ്മിൽ പ്രവർത്തിച്ച് പുതിയ സംയുക്തങ്ങൾ ഉണ്ടാകാനിടയുളളതിനാലും ആയുര്‍വേദത്തിലെ ഓരോ മരുന്നിലേയും എല്ലാ കെമിക്കലുകളേയും കണ്ടെത്തുക എന്നത് ഇക്കാലത്ത് ലഭ്യമായ ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടും എളുപ്പമല്ല (അതേ സമയത്ത് Marker compounds എന്ന തത്ത്വം ഉപയോഗിച്ച് അവയിലെ പ്രമുഖമായ ചേരുവകൾ ചേർത്തിട്ടുണ്ടോയെന്ന് ഒരു പരിധി വരെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്) ; മാത്രമല്ല, ആധുനിക രസതന്ത്രം/കെമിസ്ട്രിയനുസരിച്ച് ഒരു ചെടിയിൽ ഏതെല്ലാം രാസസംയുക്തങ്ങളുണ്ട് എന്ന് കണക്കാക്കി അതനുസരിച്ച് അതുൾക്കൊളളുന്ന ഔഷധച്ചെടി എപ്രകാരമാണ് പ്രവർത്തിക്കുക എന്ന് വിശദീകരിക്കുന്ന രീതിയിലല്ല ആയുര്‍വേദ ചികിത്സ / മരുന്നുകൾ ഉപയോഗിച്ച് രോഗം മാറ്റിക്കാണിക്കുന്ന പ്രവർത്തനം വിശദീകരിക്കപ്പെടുന്നത്. ആയുര്‍വേദ മരുന്നുകളുടെ പ്രവർത്തനരീതി (Mode of action & site of action), പ്രവർത്തന ഘടകങ്ങൾ ( evaluation of active ingredients & their terminologies) എന്നിവ രസ-ഗുണ-വീര്യ-വിപാകാദികളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ച് രോഗം മാറ്റിക്കാണിക്കാൻ സഹസ്രാബ്ദങ്ങളായി ആയുര്‍വേദത്തിന് കഴിയുന്നതുകൊണ്ടുതന്നെയാണല്ലോ അതിന് ഇക്കാലമത്രയും നിലനിൽക്കാനായതും ഇക്കാലത്തും ജനങ്ങൾ ആശ്രയിക്കുന്നതുമെന്നത് സാമാന്യ ബുദ്ധിയുളളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതല്ലേയുളളൂ. അതുകൊണ്ടുതന്നെ, "സിക്സറടിച്ച് കാണിച്ച് നിങ്ങളുടെ കളിയുടെ ഗുണം (Quality/ Value) കാണിക്ക്" എന്ന് ഫുട്ബോൾ കളിക്കാരോട് ആവശ്യപ്പെടുന്നതുപോലെ, ആയുര്‍വേദക്കാരോട് "ഞങ്ങളുടെ ശാസ്ത്രീയ രീതിയിൽ/ ഭാഷയിൽ" വിവരിച്ചു കാണിക്ക് എന്നതരം മരമണ്ടൻ ചോദ്യങ്ങളുമായി വന്ന് സ്വയം അപഹാസ്യരാകാൻ ആരും ശ്രമിക്കരുത്. 4.ആയുര്‍വേദ മരുന്നുകൾ മൂലം എന്തെങ്കിലും അപകടം (Adverse Drug Reaction) ഉണ്ടാവുകയാണെങ്കിൽ പരാതിപ്പെടാൻ മാർഗ്ഗമുണ്ടോ? പൊതുജനങ്ങൾക്ക് ആയുര്‍വേദ ഔഷധത്തിന്റെ ഗുണനിലവാരത്തിൽ ആക്ഷേപങ്ങൾ (complaints) തോന്നിയാൽ അഥവാ ആയുര്‍വേദ ഔഷധം കൊണ്ട് അപകടം (Adverse Drug Reaction) എന്തെങ്കിലും ഉണ്ടായതായി തോന്നിയാൽ അത് അധികാരികളിലേക്ക് എത്തിക്കുന്നതിന് (report ചെയ്യുന്നതിന്) കേന്ദ്ര തലത്തിലും regional തലത്തിലും ആയുര്‍വേദ Pharmaco Vigilance cell കൾ രൂപീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നത് മൂലം ആർക്കെങ്കിലും ഉപദ്രവമുണ്ടായതായി സംശയമുണ്ടെങ്കിൽ അവർ അത്തരം അംഗീകൃത സംവിധാനങ്ങളെ ഉപയോഗിക്കണം. ആയുര്‍വേദ മരുന്നുപയോഗിച്ചതുമൂലം എന്തെങ്കിലും രോഗം വന്നതായി ആരെങ്കിലും ശാസ്ത്രത്തിന്റെ പേരുപയോഗിച്ചാണ് ആരോപണമുന്നയിക്കുന്നതെങ്കിൽ, അത് ആയുര്‍വേദ മരുന്നുപയോഗിച്ചതുകൊണ്ടുണ്ടായതാണെന്ന് സംശയാതീതമായി തെളിയിക്കുന്നതിനായി Naranjo Algoritham മുതലായ ഏത് രീതിയാണ് ഉപയോഗപ്പെടുത്തിയതെന്നുകൂടി ആരോപണമുന്നയിക്കുന്നവർ ശാസ്ത്രീയ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ, കളളുഷാപ്പിലിരുന്ന് എന്ത് വെളിവില്ലായ്മയും വിളിച്ചു പറയുന്ന രീതിയിൽ ആരെങ്കിലും ആയുര്‍വേദത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നുണ്ടെങ്കിൽ, പണ്ട് കളളുകുടിയന്മാർ ആഭാസത്തരം പറയുമ്പോൾ "ഉളളിലിരുന്ന് മറ്റാരോ പറയിക്കുന്നതാണ്" എന്ന് സമൂഹം പറയാറുളളത് പലരും ഓർക്കും. ഇത്തരം Quality Assurance, Statutory & Regulatory norms മുതലായ നിയമങ്ങൾ/വിവരങ്ങൾ ഭൂരിഭാഗം ജനങ്ങൾക്കും അറിയാത്തതുകൊണ്ട്, ഒറ്റപ്പെട്ട എതെങ്കിലും സംഭവത്തെ മുൻനിറുത്തി (അത് പലപ്പോഴും അംഗീകാരമില്ലാതെ ചികിത്സിക്കുന്നവരോ അത്തരക്കാരുടെ സ്ഥാപനങ്ങളോ ഉണ്ടാക്കുന്നതുമായിരിക്കും) ആയുര്‍വേദത്തെയാകെ അപകീർത്തിപ്പെടുത്താമെന്ന് ആരും ദിവാസ്വപ്നം കാണരുത്. വാൽക്കഷണം: ആയുര്‍വേദം ശാസ്ത്രീയമല്ലെന്നും ഫലപ്രദമല്ലെന്നും സുരക്ഷിതമല്ലെന്നുമൊക്കെ പറഞ്ഞ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ചിലരൊക്കെ "ഠ" വട്ടം സ്ഥലത്ത് കിടന്ന് വിയർപ്പൊഴുക്കുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിലൊരാളായ അമേരിക്കയിലെ CRC Press (From world famous Taylor & Francis group) ഈയടുത്തകാലത്ത് പുറത്തിറക്കിയ ഒരു Peer review book (വിദഗ്ദ്ധ സമിതികൾ പരിശോധിച്ച് അംഗീകരിച്ചത്) ന്റെ പേര് അറിഞ്ഞിരിക്കുന്നത് നല്ലതാണ്- "Ayurveda in the New Millennium - Emerging Roles & Future Challenges". ആയുര്‍വേദ ചരിത്രം, മരുന്ന് നിർമ്മാണം, ഗുണനിലവാര നിബന്ധനകൾ, നിയമപരമായ നിബന്ധനകൾ, ആയുര്‍വേദ ഔഷധച്ചെടി കളുടെ ഉപയോഗം എന്നിവ മുതൽ പാശ്ചാത്യ നാടുകളിലെ ആയുര്‍വേദ സ്വാധീനം, ഇനി മുന്നോട്ടു പോകേണ്ട രീതി മുതലായ വിവിധ മേഖലകളെപ്പറ്റി അതാത് രംഗത്ത് അന്താരാഷ്ട്ര പ്രശസ്തരായ വിദഗ്ദ്ധരാണ് ലേഖകർ. ഇന്ത്യയിലും വിദേശത്തും പ്രവർത്തിച്ച പ്രശസ്ത മലയാളി ഗവേഷകൻ Dr. Sureshkumar ആണ് ഇതിന്റെ എഡിറ്റർ. അന്താരാഷ്ട്ര പ്രശസ്തരായ ആയുര്‍വേദ രംഗത്തേയും മറ്റ് ശാസ്ത്ര ശാഖകളിലേയും ഗവേഷകരായ Athreya Smith, R.H. Singh, Dr. Prasanna Narasimha Rao , Sanjeev Rastogi, Prachi Garodia , Bharat B Agarwal, Dr. Ajayan Sadanandan , Dr. N.K.M. Ikbal, Dr. Nirmal Narayanan മുതലായ അനേകം പേർ ഇതിലെ ലേഖകരാണ്. ഇതിലെ രണ്ട് ആർട്ടിക്കിളുകളിൽ ഞാൻ Co-author ആണ്.
ഡോ ഡി ഇന്ദുചൂഡൻ, ലേസൺ ഓഫീസർ, AHMA

07/06/2021

07/06/2021

29/5/2021

AYUSH 64 വിതരണത്തിൽ AHMA യും പങ്കാളികളാകുന്നു

CCRAS വികസിപ്പിച്ച Ayush 64 ന്റെ വിതരണം ആയുർവേദ ഹോസ്പിറ്റലുകൾ വഴിയും ആകണമെന്നുള്ള AHMAയുടെ ആവശ്യം CCRAS അംഗീകരിച്ചതിനെ തുടർന്ന് Ayush 64 ന്റെ ആദ്യ ലോട്ട്(12,000 Tablets) ചെറുതുരുത്തി NARIP ഡയറക്ടർ ഡോ സുധാകറിൽ നിന്ന് AHMA സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാരായണൻ നമ്പൂതിരിയും,ജില്ലാ സെക്രട്ടറി ഡോ ജിതേഷ് കെ.ജെയും ചേർന്ന് ഏറ്റുവാങ്ങുന്നു. ഡോ ദീപ് വി.സി(Asst, Director NARIP),ഡോ കൃഷ്ണകുമാർ എന്നിവർ സമീപം.

12/2/2021

12/2/2021

12/2/2021

12/2/2021

10/1/2021

ഡോ ബേബികൃഷ്ണൻ മെമ്മോറിയൽ AHMA എവർ റോളിംഗ് ട്രോഫി winners

Clinical Case presentation competition

Winner
Dr. Suseela Saji
Cheif Physician, Souparnika Ayur Nikethan, Thrissur

2nd Prize
Dr. Ebin T. U.
Medical Officer, SNA Ayurveda Nursing Home, Thrissur

3rd Prize
Dr. Ahsan Nihad N.
Deputy Physician, Dr. P. Alikutty's Kottakkal Ayurveda & Modern Hospital, Malappuram

10/1/2021

30/12/2020

ഡോ ബേബികൃഷ്ണൻ മെമ്മോറിയൽAHMA എവർ റോളിംഗ് ട്രോഫി ക്ലിനിക്കൽ കേസ് പ്രസന്റേഷൻ മത്സരം

ജനുവരി 10 - 2021 ഞായറാഴ്ച

മാനദണ്ഡങ്ങൾ

1. ഏതെങ്കിലും ഒരു പ്രത്യേക രോഗത്തെ ക്കുറിച്ചുള്ള സ്വയം ചികിത്സാനുഭവങ്ങളാണ് അവതരിപ്പിക്കേണ്ടത്
2. ആയുർവേദരീത്യാ യുള്ള രോഗ നിർണ്ണയം, ചികിത്സ, ഗവേഷണ നിഗമനങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകുന്നതായിരിക്കണം.
3. ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് മത്സരം നടക്കുക
4. പത്ത് മിനിട്ട് (8 മിനുട്ട്+ 2 മിനുട്ട്) നീണ്ട പവർ പോയിന്റ് പ്രസന്റേഷനാണ് അവതരിപ്പിക്കേണ്ടത്.
5. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2021 ജനുവരി 2 നുള്ളിൽ പ്രസന്റേഷന്റെ അബ്സ്ട്രാക്ട് ahmaawards2020@gmail.com എന്ന അഡ്രസ്സിലേക്ക് ഇമെയിൽ ചെയ്യുക.
6. പ്രാഥമിക വിലയിരുത്തലിന് ശേഷം ജൂറി തിരഞ്ഞെടുക്കുന്ന 6 പേർക്കാണ് ക്ലിനിക്കൽ കേസ് പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
7. ഇംഗ്ലീഷിലോ മലയാളത്തിലോ പ്രസന്റേഷൻ നടത്താം.
8. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.

ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ മെമ്പർ ഹോസ്പിറ്റലിലെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ ആയിരിക്കണം

30/12/2020

AHMA അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തൃശൂർ ഒരുങ്ങി.    

2021 ജനുവരി 17. ഞായറാഴ്ച്ച    


സംഘാടക സമിതി
ചെയർമാൻ : ഡോ.വിജയൻ നങ്ങേലിൽ
ജനറൽ കൺവീനർ : ഡോ.ഉണ്ണികൃഷ്ണൻഇടൂഴി
ട്രഷറർ : ഡോ. സജുഭൂഷണൻ

സബ്‌കമ്മിറ്റികൾ

പ്രോഗ്രാംകമ്മിറ്റി
ചെയർമാൻ: ഡോ. P.T.N.വാസുദേവൻ മൂസ്
കൺവീനർ: ശ്രീ  നാരായണൻ നമ്പൂതിരി

ഫിനാൻസ് കമ്മിറ്റി 
ചെയർമാൻ: ഡോ. മുഹമ്മദ്‌ ബാപ്പു
കൺവീനർ: ഡോ.സജുഭൂഷണൻ

റിസപ്ഷൻ കമ്മിറ്റി
ചെയർമാൻ: ഡോ. ഇന്ദുചൂഡൻ
കൺവീനർ : ഡോ.  ജിതേഷ്

രജിസ്ട്രേഷൻ കമ്മിറ്റി
ചെയർപേഴ്സൺ : ഡോ.രമ ബേബീ കൃഷ്ണൻ
കൺവീനർ : ഡോ. ലൈസ ബിജോയ്

Food & Accomodation
ചെയർമാൻ : ഡോ.B.G.ഗോകുലൻ 
കൺവീനർ : ഡോ. രതീഷ് മേനോൻ

പബ്ലിസിറ്റി
ചെയർമാൻ: ഡോ.A.M.അൻവർ
കൺവീനർ : ഡോ. ശ്യാം മോഹൻ


സമ്മേളന പ്രതിനിധികൾ 750/- രൂപ രെജിസ്ട്രേഷൻ ഫീസൊടുകൂടി 2021 ജനുവരി 10 നു മുമ്പ് രെജിസ്ട്രേഷൻ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

AHMA Awards 2020 Application form

AHMA Awards 2020 invitation